ഏതുമാപിനിക്കാവും പ്രിയേ
നിന്നിലേക്കുള്ള എന്റെ പ്രവേഗമളക്കാൻ?
ഞാൻ നിന്റെ മാറ്റൊലി ഉള്ളിലൊതൊക്കിയ താഴ്വരയാണ്,
നിന്റെ പ്രതിബിംബം അനാവൃതമാക്കുന്ന കണ്ണാടി.
നീ പാടുമെങ്കിൽ
ഞാൻ ബിഥോവന്റെ ഏഴാമത്തെ സിംഫണിയാകാം
നീ ചൊല്ലുമെങ്കിൽ
ഞാൻ നെരൂദയുടെ നാലാമത്തെ പ്രണയഗീതകം
നീയാടൂ
നീയാടൂ
ഞാൻ നിന്റെ ചുവടുകളാണ്.
വിരഹമെന്നതൊന്ന് എനിക്കറിയുകയില്ല പ്രിയേ,
ഞാൻ നിന്നെയാവാഹിച്ച അൾത്താരയാണ്,
നിന്റെ പ്രണയനിശ്വാസത്താൽ
പൊള്ളിപ്പോയൊരാത്മാവ്
നീയെന്റെ തഴുകലാൽ കൂമ്പിപ്പോയ കണ്ണുകൾ
ഞാനൊരു മിന്നൽ
ഞാനൊരു മിന്നൽ
നീ പെയ്തൊഴിയാൻ വെമ്പുന്ന മേഘം.
വരൂ പ്രിയേ..
നമ്മുക്കിനി ആർത്തലച്ചു പെയ്യാം.

No comments:
Post a Comment