ഭാഷ്യം
Wednesday, July 16, 2014
Tuesday, July 8, 2014
പ്രണയപ്രവേഗം
ഏതുമാപിനിക്കാവും പ്രിയേ
നിന്നിലേക്കുള്ള എന്റെ പ്രവേഗമളക്കാൻ?
ഞാൻ നിന്റെ മാറ്റൊലി ഉള്ളിലൊതൊക്കിയ താഴ്വരയാണ്,
നിന്റെ പ്രതിബിംബം അനാവൃതമാക്കുന്ന കണ്ണാടി.
നീ പാടുമെങ്കിൽ
ഞാൻ ബിഥോവന്റെ ഏഴാമത്തെ സിംഫണിയാകാം
നീ ചൊല്ലുമെങ്കിൽ
ഞാൻ നെരൂദയുടെ നാലാമത്തെ പ്രണയഗീതകം
നീയാടൂ
നീയാടൂ
ഞാൻ നിന്റെ ചുവടുകളാണ്.
വിരഹമെന്നതൊന്ന് എനിക്കറിയുകയില്ല പ്രിയേ,
ഞാൻ നിന്നെയാവാഹിച്ച അൾത്താരയാണ്,
നിന്റെ പ്രണയനിശ്വാസത്താൽ
പൊള്ളിപ്പോയൊരാത്മാവ്
നീയെന്റെ തഴുകലാൽ കൂമ്പിപ്പോയ കണ്ണുകൾ
ഞാനൊരു മിന്നൽ
ഞാനൊരു മിന്നൽ
നീ പെയ്തൊഴിയാൻ വെമ്പുന്ന മേഘം.
വരൂ പ്രിയേ..
നമ്മുക്കിനി ആർത്തലച്ചു പെയ്യാം.
*സമ്മിലൂനീ
വെളിപാടിന്റെ വിഹ്വലതയാൽ
ഞാനെന്റെ കനമുള്ള ആത്മാവുമായി
ഓടി നിന്നിലേക്കെത്തിയത് ഒരു പുതപ്പിനായല്ല.
മുഴുനിലാമരുവിലെ മണൽക്കൂനയിലെന്നപോൽ
നിന്റെ മാറിൽ പുതയുവാനാണ്.
സഖീ..
എനിക്കെന്റെ ശരീരം മാത്രമാവണം
നീ നിന്റെ തഴുകലാൽ എന്നിലെ വെളിപാട് അലിയിച്ച്കളയൂ.
*സമ്മിലൂനീ = എന്നെ പുതപ്പിക്കൂ – വെളിപാടിനാൽ വിഹ്വലനായ പ്രവാചകൻ മുഹമ്മദ്
ഭാര്യ ഖദീജക്കരികിലേക്ക് ഓടിയെത്തിയിട്ട് പറഞ്ഞ വാചകം. “സമ്മിലൂനീ ഖദീജാ”
ജലരേഖകൾ
എളുപ്പം വരയപ്പെട്ടിട്ടും
ഒടുക്കം ആകാശത്തെ മാത്രം പ്രതിഫലിപ്പിച്ച്
അവളെന്നെ നാണിപ്പിക്കുന്നു.
അതിഥികൾ
ഇന്നലെ സ്വപനത്തിൽ റൂമി വന്നിരുന്നു
തന്റെ മായികമായ മസ്നവികളുമായി
കഴിഞ്ഞ മറ്റേതോ ഒരു രാത്രി നെരൂദയുമെത്തിയിരുന്നു
പ്രണയത്തിന്റേയും, വിപ്ലവത്തിന്റേയും
കരാറുറപ്പിച്ചുകൊണ്ട്.
ദസ്തയേവിസ്കിയെത്താറ് രാത്രികളിലല്ല;
പകൽതന്നെ
എങ്കിലും കൊണ്ട്പോകുന്നത് ഉള്ളിലെ
ഇരുൾമൂടിയ കൊടുങ്കാട്ടിലേക്ക്.
Subscribe to:
Comments (Atom)


